Wednesday, March 24, 2010

കലുങ്ക്..

മുന്‍‌കൂര്‍ ജാമ്യം: ഇത് വരെ പൊതുവേ എഴുത്തില്‍ ഞാന്‍ അങ്ങനെ കൈ വെച്ചിട്ടില്ല... ഇംഗ്ലീഷില്‍ 2 - 3 ചെറുകഥ എഴുതിയ പരിചയം ഒഴിച്ചാല്‍ പേനയും ഞാനും തമ്മില്‍ പരീക്ഷ എഴുതിയുള്ള പരിചയമേ ഉള്ളു... മലയാളത്തില്‍ എഴുതുന്നത്‌ ഇത് നടാടെ ആണ്... പരിചയക്കുറവു കൊണ്ടുള്ള തെറ്റ് കുറ്റങ്ങള്‍ പൊറുക്കുകയും ചൂണ്ടി കാണിച്ചു തരുകയും ചെയ്യും എന്ന വിശ്വാസത്തില്‍ തുടങ്ങട്ടെ...

"ചന്ത മുക്കിലെ കലുങ്കും പ്ളൈന്‍ സിസറും ഉള്ളിടത്തോളം കാലം നമ്മള്‍ എങ്ങനേം ജീവിക്കും" എന്ന് ചങ്കൂറ്റത്തോടെ നെഞ്ച് വിരിച്ചു പറഞ്ഞിരുന്ന ഒരു കാലം അപ്പുക്കുട്ടനുണ്ടായിരുന്നു.. ഏതാണ്ട് അങ്ങനെ ഉള്ള ഒരു കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. അപ്പുകുട്ടന്‍ ഡിഗ്രി പരീക്ഷ എഴുതി CA ക്ക് പോകണോ അതോ ജോലിക്ക് പോകണോ എന്ന് ശങ്കിച്ച് നില്‍കുന്ന സമയം. "എന്തും റിസള്‍ട്ട്‌ വന്നിട്ട് തീരുമാനിക്കാം... ഇതൊക്കെ പാസ്സ് ആയാല്‍ മാത്രം ഉള്ള പൊല്ലാപ്പുകള്‍ ആണല്ലോ." എന്ന സമാധാനം ആണ് ആകെ ഉള്ളത്. ഇനി തോറ്റാലുംവലിയ റിസ്ക്‌ ഇല്ല. അപ്പുക്കുട്ടന്റെ അച്ഛന്‍ ദിവാകരേട്ടന്‍ ഈ കൊല്ലം ഒരു കിടിലം ഓഫര്‍ വെച്ചിട്ടുണ്ട്... സാധാരണ കുട്ടികള്‍ക്ക് പരീക്ഷ ജയിച്ചാല്‍ ആണ് വീട്ടുകാര്‍ ബൈക്ക് വാങ്ങി തരാം എന്നൊക്കെ പറയുന്നതെങ്കില്‍, ദിവാകരേട്ടന്‍ ഒരല്പം വ്യെത്യസ്തന്‍ ആയി.. "ഈ പ്രാവിശോം തോറ്റാല്‍ ഞാന്‍ നിനക്കൊരു ഓട്ടോറിക്ഷ മേടിച്ചു തരാം.." എന്ന ഓഫര്‍ ആണ് മുന്നോട്ടു വെച്ചത്. അതാണ്‌ ദിവാകരേട്ടന്‍. ബൈക്ക് ആണെകില്‍ മറിയാന്‍ ചാന്‍സ് കൂടുതല്‍ ആണ്.. റിസ്ക്‌ കൂടും.. മാത്രമല്ല അപ്പുക്കുട്ടന്‍ വെയില് കൊണ്ട് കറുത്ത് പോകും... ഗ്ലാമര്‍ പോകും. ഏതെങ്കിലും അച്ഛന് അത് സഹിക്കോ? ഓട്ടോ ആവുമ്പോ ഈ വക പ്രശ്നം ഒന്നും ഇല്ല. വട്ടച്ചിലവിനു ബുദ്ധിമുട്ടും ഇല്ല.. എന്താ സ്നേഹം.. എന്താ കരുതല്‍.. എന്താ പ്ലാനിംഗ്..

വീട്ടില്‍ ഇരുന്നാല്‍ തെങ്ങിന് തടം എടുക്കുക, വാഴയ്ക്ക് നനക്കുക, പശുവിനെ കുളിപ്പിക്കുക, ചാരം വാരുക തുടങ്ങിയ "പണികള്‍" കിട്ടാന്‍ ചാന്‍സ് കൂടുതല്‍ ഉള്ളതിനാല്‍ ദിവസവും പരമാവധി സമയം അപ്പുക്കുട്ടന്‍ മേല്പറഞ്ഞ കലുങ്കിന്റെ പരിസര പ്രദേശത്തോക്കെ തന്നെ കാണും. ആ നാട്ടിലെ ഒരു തന്ത്ര പ്രധാന കേന്ദ്രം അഥവാ strategic point ആയിരുന്നു ചന്തമുക്കും അവിടുത്തെ കലുങ്കും തൊട്ടടുത്തുള്ള തങ്കപ്പേട്ടന്റെ ചായക്കടേം. കലുങ്കിനു സമീപം ഇരുന്നാല്‍ ആ വഴി പോകുന്ന ആരേം നമ്മള്‍ കാണാതെ ഇരിക്കില്ല. "നിനക്കൊന്നും വീടും കുടീം ഇല്ലേ" എന്നും.. "പെണ്‍കുട്ടികളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി അപ്പു..." എന്നുമൊക്കെ ജയന്‍ സ്റ്റൈലില്‍ ചില അമ്മാവന്മാര്‍ അസൂയ കൊണ്ട് വിളിക്കാറുണ്ടെങ്കിലും അപ്പുക്കുട്ടന്‍ അതൊന്നും കാര്യമാക്കാറില്ല. "അവര് അവരുടെ സംസ്കാരം കാണിക്കുന്നു. അതിലിപ്പോ നമ്മളെന്താ ചെയ്യാ" എന്ന ഒരു ലൈന്‍.

"പരീക്ഷ എങ്ങനെ ഉണ്ടായിരുന്നെടാ അപ്പൂ..., പാസ്സ് ആവോ?" എന്ന ചോദ്യത്തെ ചെകുത്താന്‍ കുരിശു കണ്ടപോലെ ആയിരുന്നു അപ്പുക്കുട്ടന്‍ കണ്ടിരുന്നത്‌... അത് കൊണ്ട് തന്നെ അടുത്ത ബന്ധുക്കള്‍ മിക്കവരും അപ്പുക്കുട്ടനെ കണ്ടാല്‍ ഈ ചോദ്യം മാത്രം ഒഴിവാകി, "എന്താ അപ്പൂ അടുത്ത പ്ലാന്‍..?" എന്ന് മാത്രം ചോദിച്ചു പോന്നിരുന്നു. എന്തിന്, അടുത്ത സുഹൃത്തുക്കള്‍ ആയ രഘുവും സുജിത്തും പോലും അപ്പുക്കുട്ടനോട്‌ പരീഷയെ പറ്റി ചോദിക്കാന്‍ മടിച്ചു.. അല്ലെങ്കില്‍ തന്നെ ശാന്തെട്ടത്തീടെ അവിടുന്ന് തയ്യല്‍ ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന ജോര്‍ജേട്ടന്റെ മോള്‍ റോസ് മേരിയും, ടൈപ്പ് കഴിഞ്ഞു വരുന്ന കണാരേട്ടന്റെ മകള്‍ ശാന്തിയും, ഡാന്‍സ് പഠിക്കുന്ന ചാക്കോ ചേട്ടന്റെ മകള്‍ സിസിലിയും പോലെ ഉള്ള അന്തര്‍ ദേശീയ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ പാവപ്പെട്ട അപ്പുക്കുട്ടന്റെ പേര്‍സണല്‍ മാറ്റര്‍ ആയ റിസല്‍റ്റില്‍ അവര്‍ക്ക് താല്പര്യം വരാന്‍ സ്വാഭാവികമായും ന്യായം ഇല്ലല്ലോ. എങ്കിലും അപ്പുക്കുട്ടന്‍ അവരോടാ രഹസ്യം പറഞ്ഞു... "കഴിഞ്ഞ പ്രവിശത്തെ പോലെ അല്ല.. ഈ പ്രാവിശ്യം ഞാന്‍ എന്തായാലും പാസ്സ് ആവും.. തീര്‍ച്ച..." രഘുവിന് അപ്പുക്കുട്ടന്റെ ആത്മവിശ്വാസത്തെ അത്രയ്ക്കങ്ങോട്ട് വിശ്വാസം ആയില്ലെങ്കിലും അതെക്കുറിച്ച് ഓര്‍ത്തു തല പുണ്നാക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. ഇത് എന്തായാലും ഒരു ദിവസം റിസള്‍ട്ട്‌ വരുമ്പോ അറിയാം.. ശാന്തീം, റോസ് മേരീം, സിസിലീം അങ്ങനാണോ?? നമ്മുക്കൊരു ഉത്തരവാദിത്തം ഒക്കെ ഇല്ലേ?

അങ്ങനെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോയി കൊണ്ടിരിക്കെ ആണ് രഘു ഒരു കണ്ടുപിടിത്തം നടത്തിയത്. ശാന്തിക്ക് അപ്പുക്കുട്ടനോട്‌ എന്തോ ഒരു "ഇത്" ഉണ്ട് പോലും.. കലുങ്കിന്റെ അടുത്ത് വരെ ഗുരുവായൂര്‍ ലിമിറ്റഡ് പോകുന്ന സ്പീഡില്‍ വരുന്ന ശാന്തി, കലുങ്കിനു അടുത്തെത്തിയാല്‍ പിന്നെ ഗിയര്‍ ഡൌണ്‍ ചെയ്തു, അന്നനട സ്റ്റൈലില്‍, സിനിമയില്‍ കാണുന്ന വൈക്കോലും കേറ്റി ചുരം കേറുന്ന ലോറിയുടെ സ്പീഡില്‍ കുണുങ്ങി കുണുങ്ങി ആണ് കലുങ്ക് കടക്കുന്നതെന്നും, ഇതിനിടെ ഇടയ്ക്കിടെ കടക്കണ്ണ് കൊണ്ടുള്ള ഒരു പ്രയോഗം അപ്പുക്കുട്ടന്‍ ഇരിക്കുന്ന ഭാഗത്തേക്ക് നടത്താറുണ്ടെന്നും വളരെ ബുദ്ധിപരമായി രഘു കണ്ടു പിടിച്ചു. അപ്പുക്കുട്ടന് വലിയ താല്പര്യം ഒന്നും തോന്നിയില്ലെങ്കിലും അന്ന് വൈകുന്നേരം തങ്കപ്പേട്ടന്റെ കടേന്നു ചായ കുടിച്ചപ്പോ രഘൂന്റെ കാശു കൊടുത്തത് അപ്പുക്കുട്ടനായിരുന്നു.. പ്ളൈന്‍ സിസറിന്റെ കാശും അപ്പുക്കുട്ടന്‍ തന്നെ കൊടുത്തു... വേറെ ഒന്നും ഉണ്ടായിട്ടല്ല.. സുഹൃത്തുക്കള്‍ക്ക് വേണ്ടി നമ്മള്‍ എന്തേലും ചെയ്യണ്ടേ?.. അതാണ്‌.. റോസ് മേരിയും സിസിലിയും അന്ന് ആ വഴി പോയിട്ട് അപ്പുക്കുട്ടന്‍ ആ ഭാഗത്തേക്ക് നോക്കിയത് പോലും ഇല്ല..

അത് വരെ കാലത്തെ എഴുന്നെക്കുമ്പോള്‍ എങ്ങനെ ഇരിക്കുമോ അങ്ങനെ തന്നെ ചന്ത മുക്കില്‍ എത്തിക്കൊണ്ടിരുന്ന അപ്പുക്കുട്ടന്‍... അതി രാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊട്ടു മുടി ചീകി മിനുക്കി വെള്ള മുണ്ടും(മുന്‍പ് കൈലി മുണ്ടായിരുന്നു എന്നത് പ്രത്യേകിച്ചു പറയണ്ടല്ലോ) ഉടുത്തു കലുങ്കില്‍ ഹാജര്‍ വെക്കാന്‍ തുടങ്ങി. അപ്പുക്കുട്ടന് വന്ന മാറ്റത്തില്‍ അമ്മ ദേവേട്ടത്തിയും അച്ഛന്‍ ദിവാകരെട്ടനും സന്തോഷം രേഖപ്പെടുത്തി. ദേവേട്ടത്തി തന്റെ പ്രാര്‍ത്ഥന കേട്ട കാവിലെ ശിവന് കരാര്‍ പ്രകാരം ഉള്ള വഴിപാടുകള്‍ നടത്തി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ അപ്പുക്കുട്ടനെ നിരീക്ഷിച്ചതില്‍ നിന്നും അനിയത്തി അമ്പിളിക്ക് കാര്യത്തിന്റെ ഒരു ഏകദേശ രൂപം പിടി കിട്ടി. ആര്, എന്ത് , എവിടെ എന്നൊന്നും അറിയില്ലെങ്കിലും ചേട്ടന്റെ മാറ്റത്തിന് പിന്നില്‍ ഒരു ചുരിദാര്‍ ഉണ്ടെന്നു അമ്പിളി ഉറപ്പിച്ചു. എങ്കിലും കാര്യ കാരണങ്ങള്‍ ഇല്ലാതെ ആരേം സംശയിക്കാന്‍ അമ്പിളി ഒരുക്കമല്ലായിരുന്നു. അപ്പുക്കുട്ടനാകട്ടെ അമ്പിളിക്ക്  യാതൊരു വിധ ക്ലൂവും കൊടുത്തില്ല. ഇനി ഇപ്പൊ എന്ത് തന്നെ ആണെങ്കിലും, ചേട്ടന്‍ നന്നായി കണ്ടതില്‍ അച്ഛനെയും അമ്മയെയും പോലെ അമ്പിളിയും സന്തോഷിച്ചു.

ഈ വിധം അപ്പുക്കുട്ടനും ശാന്തിയും കണ്ണും കണ്ണും കൊണ്ട് നോവലെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു നാള്‍ ശാന്തി വരുന്നതും കാത്തു നിന്ന അപ്പുക്കുട്ടന്‍ നിരാശനായി... ശാന്തി അന്ന് വന്നില്ല.. പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളിലും ശാന്തിയെ കാണാതെ ആയപ്പോള്‍ അപ്പുക്കുട്ടന് ടെന്‍ഷന്‍ കൂടി.. മനസ്സ് ശിങ്കാരി മേളം പോലെ.. നെഞ്ഞിടിപ്പ്‌ ത്രിശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്‌ പോലെ.. എന്നാലും ഇതൊന്നും അപ്പുക്കുട്ടന്‍ മുഖത്ത് കാണിച്ചില്ല.. എന്നും നമ്മുടെ വെള്ള മുണ്ട് - ചന്ദന കുറി കോമ്പിനെഷനില്‍ ആള് കവലയില്‍ ഹാജര്‍. ശാന്തി വരുമ്പോ മിസ്സ്‌ ആവരുതല്ലോ..

"അറിഞ്ഞോ... നമ്മുടെ ശാന്തീടെ വീട്ടില്‍ സീരിയലിന്റെ ഷൂട്ടിംഗ്!!! അതിന്റെ ആള്‍ക്കാര് അങ്ങോട്ട്‌ പോയിട്ടുണ്ടാത്രേ.. ഇപ്പൊ നമ്മുടെ കൃഷ്ണേട്ടനെ കണ്ടപ്പോ പറഞ്ഞതാ..." സൈക്കിളില്‍ പാഞ്ഞു വന്ന സന്തോഷാണ് ആ വാര്‍ത്ത ചന്ത മുക്കില്‍ എത്തിച്ചത്. "നമ്മുടെ" എന്ന പ്രയോഗം അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അത് വരെ കൂട്ടിലിട്ട വെരുകിനെ പോലെ നടന്നിരുന്ന അപ്പുക്കുട്ടന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തു.. മയിലുകള്‍ പീലി വിരിച്ചു നൃത്തമാടി. കേട്ട പാതി കേള്‍ക്കാത്ത പാതി അപ്പുക്കുട്ടന്‍ രഘുവിനേം സുജിത്തിനേം കൂട്ടി കണാരേട്ടന്റെ വീട്ടിലേക്കോടി.. ഒത്താല്‍ ശാന്തിയെ ഒന്ന് കാണാം എന്നുള്ള ഉദ്ദേശത്തോടെ ഒന്നും അല്ല... ആദ്യമായല്ലേ ഒരു സീരിയല്‍ ഷൂട്ടിംഗ് നാട്ടില്‍ നടക്കുന്നത്.. നമ്മള്‍ ചെന്നില്ലേല്‍ അവരെന്തു വിചാരിക്കും..

എന്തായാലും ആ ഓട്ടം കഴിഞ്ഞതിനു ശേഷം 2 - 3 ദിവസം ചന്ത മുക്കിലെ കലുങ്ക് അപ്പുക്കുട്ടനെ ശെരിക്കും മിസ്സ്‌ ചെയ്തു. നാലാം ദിവസം അപ്പുക്കുട്ടന്‍ വീണ്ടും കലുങ്കില്‍ ഹാജരായി. വെള്ള മുണ്ടും ചന്ദനക്കുറിയും ഇല്ലാതെ. നമ്മുടെ പഴയ കൈലി മുണ്ട് കോലത്തില്‍. ഷൂട്ടിംഗ് കാണാന്‍ അപ്പുക്കുട്ടന്‍ ഓടി കേറിയത്‌ ശാന്തിയുടെ പെണ്ണ് കാണല്‍ ചടങ്ങ് നടക്കുമ്പോള്‍ ആയിരുന്നു എന്നും. ആ നാട്ടിലെ അറിയപ്പെടുന്ന ഒരു ex - ജിമ്മന്‍ ആയ  കണാരേട്ടന്റെ തനി സ്വരൂപം നേരില്‍ കാണാനുള്ള ഭാഗ്യം അതോടെ അപ്പുക്കുട്ടന് കൈ വന്നു എന്നും.. സീരിയലുകാരെ കണാരേട്ടന്‍ വെറും കയ്യോടെ മടക്കി വിട്ടിരുന്നു എന്നുമുള്ള കാര്യങ്ങള്‍ പിന്നണിയില്‍ നിന്നും പിന്നീടറിഞ്ഞു. (കടപ്പാട്: രഘു ആന്‍ഡ്‌ സുജിത്ത്). രഘുവും സുജിത്തും കഷ്ടിച്ചാണത്രെ അന്ന് രക്ഷപ്പെട്ടത്. കറുപ്പ് ശര്‍ദ്ദിച്ചു എന്നുള്ളത് പറഞ്ഞു പറഞ്ഞു കാക്കയെ ശര്‍ദ്ദിച്ചു എന്നായത് പോലെ ഒരു വാര്‍ത്ത ആയിരുന്നു പോലും അത്. നാട്ടുകാരുടെ ഒരു വായേ.. എന്തായാലും ശാന്തി അന്ന് കാണാന്‍ വന്ന ഗള്‍ഫുകാരനെ തന്നെ കെട്ടി പോയി.. സംഭവങ്ങളുടെ ഒരു "കെടപ്പ്" മനസ്സിലാക്കിയ സന്തോഷ്‌ കുറച്ചു നാള്‍ അപ്പുക്കുട്ടന്‍ വരുന്ന വഴിക്ക് എതിരെ വരാറില്ലായിരുന്നത്രേ.  ഈ സംഭവത്തില്‍ പിന്നെ "സീരിയല്‍" എന്നും "ഷൂട്ടിംഗ്" എന്നും കേട്ടാല്‍ ഇന്നും അപ്പുക്കുട്ടന്റെ ചോര വെട്ടി തിളക്കും. എന്തായാലും ഇപ്പൊ സിസിലിയും റോസ് മേരിയും ആ വഴി പോയാലും അപ്പുക്കുട്ടന്‍ മൈന്‍ഡ് ചെയ്യാറില്ല..
അപ്പുക്കുട്ടന് വീണ്ടും വന്ന മാറ്റം കണ്ടു ദിവാകരെട്ടനും ദേവേട്ടത്തീം നെടുവീര്‍പിട്ടു.. ദേവേട്ടത്തി വീണ്ടും കാവിലെ ശിവന് വഴിപാടുകള്‍ ഓഫര്‍ ചെയ്തു... അമ്പിളി എന്തോ മനസ്സിലായതു പോലെ നിശബ്ദമായി ചിരിച്ചു.. തെങ്ങിന് തടം എടുക്കാന്‍ തീരെ താല്പര്യമില്ലാത്തത് കൊണ്ടും, തങ്കപ്പേട്ടന്റെ ചായയുടെ രുചി കൊണ്ടും, ചന്ത മുക്കും, കലുങ്കുമായി ഒരാത്മ ബന്ധം ഉള്ളത് കൊണ്ടും അപ്പുക്കുട്ടന്‍ സ്ഥിരമായി അവിടെ ഹാജര്‍ വെക്കാറുണ്ട്.. അല്ലെങ്കിലും ശാന്തിയെ കണ്ടിട്ടല്ലല്ലോ നമ്മള്‍ ഈ ഇരുപ്പു തുടങ്ങിയത്. 

Friday, March 19, 2010

അപ്പുക്കുട്ടന്റെ ജനനം...

അപ്പുക്കുട്ടനെ അറിയില്ലേ?
മലയാളം ബ്ലോഗുകളുടെ ഒരു റെഗുലര്‍ വായനക്കാരന്‍ ആണെങ്കിലും ഇത് വരെ എന്തെങ്കിലും എഴുതണം എന്ന്  തോന്നിയിരുന്നില്ല. ആറാം തമ്പുരാനില്‍ മോഹന്‍ലാലിനു യമുനയുടെ തീരത്തു കിടന്നപോഴാണ് വെളിപാടുണ്ടായതെങ്കില്‍ എനിക്ക്  അതുണ്ടായത്‌  ഐലന്ഡ് എക്സ്പ്രെസ്സില്‍ കിടക്കുമ്പോള്‍ ആയിരുന്നു.. നാട്ടില്‍ നിന്ന് ബാംഗളൂര്‍ക്ക്  പോകുന്ന വഴി (കൃത്യം ആയി പറഞ്ഞാല്‍ ഏകദേശം പാലക്കാടു കഴിഞ്ഞു കാണും).


മലയാളത്തിലും ഒന്ന് ബ്ലോഗി നോക്കിയാലോ എന്ന ആ അത്യാഗ്രഹത്തിന്റെ ഭാഗം ആയാണ്  ഞാന്‍ അപ്പുക്കുട്ടനെ സൃഷ്ടിച്ചത് ("അപ്പുക്കുട്ടന്റെ അപ്പാ..." എന്ന് മാത്രം തല്‍കാലം വിളിക്കല്ലേ... ഇത് വരെ കല്യാണം കഴിച്ചിട്ടില്ല... അത് മൊടക്കാന്‍ ഈ ഒരു വിളി ധാരാളം മതി... അത് ഒന്ന് കഴിഞ്ഞിട്ട് എന്ത് വേണേലും വിളിച്ചോ). സാധാരണ ഗതിയില്‍ കമ്പ്യൂട്ടറും ക്യാമറയും ഉറക്കവും വീതം വെച്ചെടുക്കുന്ന എന്റെ സമയത്തില്‍ കുറച്ചു ഭാഗം... ഒരു 5 സെന്റു സ്ഥലം അപ്പുക്കുട്ടനു ഇഷ്ടദാനം ആയി എഴുതി കൊടുത്താലോ എന്ന് എനിക്ക് തോന്നിയതും, ഉറക്കം വരാതെ ട്രയിനിലെ ബെര്‍ത്തില്‍ ചുരുണ്ട് കൂടി കിടന്നു നേരം വെളുപ്പിച്ച ആ യാത്രയിലാണു.. ചുമ്മാ ബ്ലോഗറില്‍ അപ്പുകുട്ടനും ഒരു വീട് പണിയട്ടെ... 2 നിലയില്‍ കാര്‍ പോര്‍ച്ചും, പൂന്തോട്ടോം, പൂജാമുറീം, എല്ലാ സൌകര്യങ്ങളും(ac തീര്‍ച്ചയായും വേണം) ഉള്ള വീട്  വേണം എന്നാണു അപ്പുക്കുട്ടന്റെ ആഗ്രഹം. ആഗ്രഹിക്കുന്നതില്‍ നമ്മള്‍ പിശുക്ക് കാട്ടേണ്ട കാര്യം ഇല്ലല്ലോ..  


നമ്മുടെ ചുറ്റും നമ്മള്‍ നിത്യവും കാണുന്ന ആളുകളുടെ രൂപവും, ഭാവവും, ഭാവഭേദങ്ങളും, പെരുമാറ്റ രീതിയും, കുസൃതികളും, അമളികളും എല്ലാം ചേര്‍ത്ത് എന്റെ സങ്കല്പത്തില്‍ വിരിഞ്ഞ ഒരു തല തിരിഞ്ഞവന്‍. അതാണ്‌ അപ്പുക്കുട്ടനെ കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറയാവുന്നത്... ഒരു തല തിരിഞ്ഞവന്റെ തലയില്‍ വിരിഞ്ഞ മറ്റൊരു തല തിരിഞ്ഞവന്‍ എന്ന നിലയില്‍ അപ്പുക്കുട്ടന്‍ പലര്‍ക്കും തലവേദന സൃഷ്ടിക്കും. എനിക്ക് ഒറപ്പാ.  ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളില്‍ ഓരോരുത്തരിലും ഈ അപ്പുക്കുട്ടന്‍ ഉണ്ട്.. ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നമ്മളെല്ലാം അപ്പുക്കുട്ടനായി മാറാറും ഉണ്ട്. അത് കൊണ്ട് അപ്പുക്കുട്ടനെ നമ്മള്‍ എല്ലാവരും നന്നായി അറിയും.. നമ്മളില്‍ ഒരാളായി.. അല്ല നമ്മള്‍ തന്നെയായി.. അപ്പുക്കുട്ടന്റെ ഇട്ടാ വട്ടത്തിലെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുക...